സഊദി ജൂനിയര്‍ അണ്ടര്‍ 19 ബാഡ്മിന്റണ്‍ കിങ്ഡം ടൂര്‍ണമെന്റില്‍ മലയാളി പെൺകുട്ടിക്ക് ഇരട്ട സ്വര്‍ണം
റിയാദ്: സഊദി ജൂനിയര്‍ അണ്ടര്‍ 19 ബാഡ്മിന്റണ്‍ കിങ്ഡം ടൂര്‍ണമെന്റില്‍ മലയാളി പെൺകുട്ടിക്ക് ഇരട്ട സ്വര്‍ണം. കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസയാണ് ഇരട്ട സ്വര്‍ണം നേടി ശ്രദ്ധേയയായത്. ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വര്‍ണ നേട്ടത്തിന് പിന്നാലെയാണ് സഊദി ജൂനിയർ അണ്ടര്‍ 19 ബാഡ്മിൻറണ്‍ കിങ്ഡം ടൂര്‍ണമെൻറിലും ഇരട്ട സ്വർണം നേടി ഈ മലയാളി പെൺകുട്ടി റെക്കോർഡ് നേടിയത്.
സഊദി അറേബ്യയിലെ 30 ക്ലബുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലാണ് ഈ സ്വര്‍ണ നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്കുള്ള യോഗ്യതയും നേടി. റിയാദ് ഗ്രീൻ സ്‌റ്റേഡിയത്തില്‍ ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂര്‍ണമെൻറിലാണ് സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ ഖദീജ വിജയ കിരീടം ചൂടിയത്.
സഊദിയിലെ പ്രമുഖ ക്ലബ്ബുകളായ ഇത്തിഹാദും ഹിലാലും തമ്മിലായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. കാണികളെ ആവേശം കൊള്ളിച്ച പോരാട്ടത്തിനൊടുവിൽ ഇത്തിഹാദ് ക്ലബ്ബിന് വേണ്ടി കളിച്ച ഖദീജ നിസ എതിരാളിയെ നിലംപരിശാക്കി വിജയ കിരീടം ചൂടുകയായിരുന്നു. സിംഗ്ള്‍സിലും ഡബിള്‍സിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി ബാഡ്മിന്റണിലെ ആധിപത്യം തുടരുകയാണ് ഈ താരം.
സഊദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഖദീജ നിസ സഊദി അറേബ്യക്കായി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണമുള്‍പ്പടെ 10 മെഡലുകള്‍ നേടിയിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്ന് മെഡലുകള്‍ നേടി സഊദി അറേബ്യയുടെ പതാക ഉയര്‍ത്തി. താരത്തിന്റെ വിസ്മയകരമായ പ്രകടനം ശ്രദ്ധയില്‍പെട്ട ഇത്തിഹാദ് ക്ലബ്ബ് തങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു.
റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എൻജിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫിെൻറയും ഷാനിത ലത്തീഫിെൻറയും മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽനിന്ന് പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്‌മെൻറിൽ ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഊദിയുടെ കായിക മേഖലകളിലേക്ക് പെൺ സാന്നിധ്യം ഉണ്ടായിത്തുടങ്ങിയ ആദ്യ സമയങ്ങളിൽ തന്നെ തെൻറ സാന്നിധ്യമുറപ്പിക്കാൻ ഈ പെൺകുട്ടിക്കായി. ബാഡ്മിൻറണിൽ ലോകതലത്തിൽ നിരവധി നേട്ടങ്ങൾ തങ്ങൾക്ക് സമ്മാനിച്ച ഖദീജ നിസക്ക് സഊദി അധികൃതർ വലിയ പരിഗണനയാണ് നൽകുന്നത്.