യുവനടിയുടെ പീഡനാരോപണം; സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു.
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളു
ടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. സംഘടന പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിൻറെ രാജി. സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്.
നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു നടി രേവതി സമ്പത്ത് ഇന്നലെയാണ് ആരോപണമുന്നയിച്ചത്. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. സിദ്ദീഖ് ക്രിമിനൽ ആണെന്നും അവർ ആരോപിച്ചിരുന്നു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.
‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– നടി പറഞ്ഞു
പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണം - രേവതി സമ്പത്ത് കൂട്ടിച്ചേർത്തു.