Top News

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ന് ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം

 

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ന് ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം


ദുബായ്: അപരാജിതരായി ഫൈനലില്‍ എത്തി മൂന്നാം തവണ ചാമ്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചല്‍ സാന്‍റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോള്‍ ആരാകും ചാമ്പ്യൻ..?


ആരാധകരുടെ ചങ്കിടിപ്പിന് ഇന്ന് ദുബായ് ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം ഉത്തരം നല്‍കും.


ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും നടക്കുക. മിച്ചല്‍ സാന്‍റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനം ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികള്‍ക്ക് വലിയ തിരിച്ചടിയാകും.


കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെന്‍റുകളില്‍ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാന്പ്യൻസ് ട്രോഫി ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തില്‍ കളിച്ച ഇന്ത്യക്ക് പിച്ചിന്‍റെ ആനുകൂല്യമുണ്ട്.


സ്പിന്‍ കെണി


സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പ്രതീക്ഷ പകർന്ന് വരുണ്‍ ചക്രവർത്തിയുടെ ഫോമും അക്സർ പട്ടേല്‍, ജഡേജ, കുല്‍ദീപ് ത്രയത്തിന്‍റെ സപ്പോർട്ടുമുണ്ട്. എന്നാല്‍, വില്യംസണും രചിൻ രവീന്ദ്രയും മുന്നില്‍നിന്നു നയിക്കുന്ന കിവി ബാറ്റർമാർ സ്പിൻ കെണിയില്‍ അത്രവേഗം വീഴുന്നവരല്ല. സാന്‍റ്നര്‍ അടക്കം എതിരാളികളെ എറിഞ്ഞിടാൻ പ്രാപ്തിയുള്ള സ്പിന്നർമാരും ഉണ്ടെന്നതിനാല്‍ തുല്യശക്തികളുടെ പോരാട്ടമാകും ഇന്നു നടക്കുക.


വിരാട് കോഹ്‌ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകാൻ സാധ്യതയുള്ള ഫൈനലില്‍ കപ്പില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കില്ല. അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ സുവർണ തലമുറയാണ് ഈ സംഘം. ഓരോ ഐസിസി ടൂർണമെന്‍റിലും സ്ഥിരതയോടെ അവർ കളിച്ചു.


കിവികള്‍ ക്രിക്കറ്റ്ചരിത്രത്തില്‍ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ല്‍ ടെസ്റ്റ് ചാന്പ്യൻഷിപ്പും. രണ്ടുതവണയും പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ അവർക്കതിരേ നേടിയ മികച്ച ജയവും ടീമിന്‍റെ ഫോമും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.


കണക്ക് തീർക്കാനുണ്ട്


എട്ടുവർഷത്തെ കാത്തിരിപ്പിനപ്പുറം ചില കണക്കുകള്‍ തീർക്കാനുണ്ട് രോഹിത് ശർമയ്ക്കും കൂട്ടർക്കും. 2017ല്‍ നടന്ന അവസാന ഫൈനലില്‍ ഇത്തവണ ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനാണ് ഇന്ത്യയെ തോല്‍പ്പിച്ചു കപ്പ് നേടിയത്. 2000ത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച്‌ ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ഐസിസി കപ്പില്‍ മുത്തമിട്ടു. ഈ രണ്ട് കണക്കുകളും ഒന്നിച്ചു തീർത്ത് കപ്പുയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.


അതേസമയം, സെമിഫൈനല്‍ ടീം എന്ന വിളിപ്പേരുള്ള കിവികള്‍ ഫൈനലിസ്റ്റുകള്‍ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. 2015 ഏകദിന ലോകകപ്പില്‍ ഓസീസിനോടുള്ള തോല്‍വി, 2019ല്‍ ഇംഗ്ലണ്ടിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ കൈവിട്ടു പോയ ലോകകപ്പ്, 2021 ട്വന്‍റി20 ലോകകപ്പില്‍ വീണ്ടും വില്ലനായി ഓസീസ്. നിരാശകള്‍ അവസാനിപ്പിക്കാൻ കിവികള്‍ക്കും ജയിച്ചേ തീരൂ.


തുല്യശക്തികള്‍


എട്ട് ടീമുകള്‍ പങ്കെടുത്ത ടൂർണമെന്‍റില്‍ ഇന്ത്യയായിരുന്നു ഏറ്റവും മികവ് തെളിയിച്ചു നിന്നത്. കോഹ്‌ലി, രോഹിത്, ഗില്‍, ശ്രേയസ് അയ്യർ, കെ.എല്‍. രാഹുല്‍ എന്നിവർ ബാറ്റിംഗ്‌ നിരയുടെ വിശ്വാസം കാത്തു. ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും മികച്ച പിന്തുണ നല്‍കി.


ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കുന്ന താരങ്ങളാണിവർ. സാഹചര്യത്തിനനുസരിച്ച്‌ കളി അനുകൂലമാക്കാൻ കഴിയുന്ന രവീന്ദ്ര ജഡേജയും ചേരുന്പോള്‍ ബാറ്റിംഗ് കരുത്തില്‍ ചോദ്യങ്ങളില്ല. പേസർ ഷമിയും, ബുംറയുടെ അഭാവം നികത്തി സ്പിൻ കെണിയും ഇന്ത്യക്ക് കരുത്താണ്. ഇന്ത്യ കൂടുതല്‍ ആശ്രയിച്ചത് സ്പിന്നർമാരെ. ആ കെണിയില്‍ ഇരകള്‍ വീഴുകയും ചെയ്തു.


സിപിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവർത്തി വലിയ പ്രതീക്ഷയാണ് ഇന്നത്തെ മത്സരത്തില്‍ നല്‍കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലൻഡിനെതിരേ അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിന്നും ഫോമിലാണ് വരുണ്‍. അക്സർ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവർകൂടി ചേരുന്നതോടെ ടീം സന്പൂർണമാണ്. ഫീല്‍ഡിംഗിലും ഇന്ത്യ മികവ് പുലർത്തുന്നു.


ന്യൂസിലൻഡും സമാനമാണ്. മികച്ച ബാറ്റിംഗ്, ബൗളിംഗ് നിരയ്ക്കൊപ്പം ഫീല്‍ഡിംഗും. ഇന്ത്യയെപ്പോലെ ബാലൻസ്ഡ് സംഘം. ഉദ്ഘാടനമത്സരത്തില്‍ പാക്കിസ്ഥാനെതിരേ സ്കോർ 300 കടത്തിയ കിവികളുടെ ബാറ്റിംഗ് വിശ്വസ്തരാണ് രചിൻ രവീന്ദ്ര, വില്‍ യംഗ്, ഡെവൻ കോണ്‍വേയ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, വില്യംസണ്‍ എന്നിവര്‍. സ്പിന്നിനെ നന്നായി നേരിടുന്ന വില്യംസണ് ഇടംകൈയൻ സ്പിന്നർമാർക്കെതിരേ നൂറിനു മുകളിലാണ് ശരാശരിയെന്നതും ശ്രദ്ധേയം. ബൗളിംഗ് ഡിപ്പാർട്മെന്‍റിലും ന്യൂസിലൻഡ് ശക്തമാണ്. സ്പിന്നർമാരായി ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നർക്കൊപ്പം ബ്രേസ്‌വെല്ലും വെല്ലുവിളിയുയർത്തും. ഗ്ലെൻ ഫിലിപ്സും രചിൻ രവീന്ദ്രയും പിന്തുണ നല്‍കുന്നതോടെ ശക്തം.


മത്സരം ടൈ ആയാല്‍


2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരം ടൈ ആയതിന്‍റെ ഓർമകള്‍ ആരാധകമനസിലുണ്ടാകും. ഒട്ടേറെ വിമർശനം ഉയർന്ന ആ നിയമം ഐസിസി പിന്നീട് ഒഴിവാക്കി. നാളെ മത്സരം ടൈ ആയാല്‍ വീണ്ടും സൂപ്പർ ഓവർ നടത്തും. അതിലും ടൈ ആയാല്‍ വീണ്ടും സൂപ്പർ ഓവർ എന്ന രീതിയിലാണ് വിജയികളെ കണ്ടെത്തുക.


മഴ മൂലം ഉപേക്ഷിച്ചാല്‍


ദുബായില്‍ മഴ പെയ്യാനുള്ള സാധ്യത വിരളമാണെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ ഐസിസി റിസർവ് ദിനം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 2002ല്‍ ഇന്ത്യയും ശ്രീലങ്കയും ഇത്തരത്തില്‍ സംയുക്ത ജേതാക്കളായിട്ടുണ്ട്.

 

Previous Post Next Post