Top News

വീണ്ടും പാക് ചാരന്‍മാര്‍ പിടിയില്‍; ഐഎസ്‌ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ |

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷഭരിതമായ സാഹചര്യംനിലനില്‍ക്കുന്നതിനിടെ, രണ്ട് പാക് ചാരന്‍മാര്‍ കൂടി പിടിയില്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റുമാരായ പാലക് ഷേര്‍ മസിഹ്, സൂരജ് മസിഹ് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. അമൃത്സര്‍ മേഖലയിലെ ആര്‍മി കന്റോണ്‍മെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും സെന്‍സിറ്റീവ് വിവരങ്ങളും ഫോട്ടോകളും ആണ് ഇരുവരും പ്രധാനമായും പാകിസ്താന് ചോര്‍ത്തിക്കൊടുത്തതെന്ന് അമൃത്സര്‍ റൂറല്‍ പോലീസ് പറഞ്ഞു.

ഇരുവരും ഐഎസ്‌ഐ വക്താക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിട്ടു എന്ന ഹര്‍പ്രീത് സിംഗ് ആണ് ഇരുവരെയും ഐഎസ്‌ഐയുമായി അടുപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങളും തന്ത്രപരമായ വിശദാംശങ്ങളും പങ്കുവെക്കുന്നതിലും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം രണ്ടുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ചോര്‍ത്തിയ രഹസ്യങ്ങളുടെ ആഴമറിയാനായി പൊലിസും സൈനിക ഇന്റലിജന്റ്‌സും പ്രതികളെ ചോദ്യംചെയ്തുവരികയാണ്. 

അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ അറസ്റ്റുകളും നിര്‍ണായക വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി കടന്നുള്ള ചാരവൃത്തി ഭീഷണികള്‍ക്കെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും നിയമ നിര്‍വ്വഹണ ഏജന്‍സികളും ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് ഈ അറസ്റ്റ്. ഇതിനകം നാലുപേരാണ് ഭീകരാക്രമണത്തിന് ശേഷം ചാരക്കേസില്‍ അറസ്റ്റിലായത്. ഇത് വിദേശ ശത്രുരാജ്യത്തിന്റെ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചാരവൃത്തിയുടെ ആഴം സൂചിപ്പിക്കുന്നതാണ്.

രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍ സ്വദേശിയായ പത്താന്‍ ഖാന്‍, ബിഹാര്‍ സ്വദേശിയായ സുനില്‍കുമാര്‍ റാം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്. പണത്തിനു പകരമായി സുനില്‍ ഒരു പാകിസ്ഥാന്‍ സ്ത്രീക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കുകയാണ് രണ്ടുപേരും ചെയ്തതെന്നു സൈന്യം കണ്ടെത്തി. 

ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പത്തിലധികം പേരാണ് ചാരക്കേസില്‍ അറസ്റ്റിലായത്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയില്‍ ജോലിചെയ്ത്, അതീവ നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കുന്ന കേസുകള്‍ കൂടിവരുന്നത് ആശങ്കയോടെ ആണ് സൈനിക ഇന്റലിജന്റ്‌സ് കാണുന്നത്. മാര്‍ച്ചില്‍ സമാന കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. മൂന്നുപേരും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ടെക്കികളും. സമീപകാലത്തെ ഏറ്റവും വലിയ ചാരവൃത്തിയാണ് നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, പാകിസ്താന്റെ ഐ.എസ്.ഐക്ക് ഇന്ത്യയില്‍നിന്ന് വമ്പന്‍ സ്രാവുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞതും അധികൃതരെ കുഴക്കുന്നുണ്ട്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ (ഭെല്‍) സീനിയര്‍ എന്‍ജിനീയര്‍ ദീപ്‌രാജ് ചന്ദ്ര, കാണ്‍പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറി ജൂനിയര്‍ മാനേജര്‍ വികാസ് കുമാര്‍, ഫിറോസാബാദ് ഓര്‍ഡനന്‍സ് ഫാക്ടറി ചാര്‍ജ്മാന്‍ രവീന്ദ്ര കുമാര്‍ എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍

 

Previous Post Next Post