Top News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 32 ലക്ഷം അപേക്ഷകൾ

 തിരുവനന്തപുരം: തദ്ദേശ വോട്ടർപട്ടികയിൽ പേരുചേർക്കാനും, തിരുത്താനുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വെെകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാൻ അവസരമുണ്ട്. തിങ്കളാഴ്ച്ച വെെകീട്ട് വരെ 32 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ  ഹിയറിങ് നടപടികൾ അടക്കം പൂർത്തിയാക്കി ഈ മാസം 30ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 

കരട് പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും, വില്ലേജ്-താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. 27 ലക്ഷത്തിലധികം പേർ ഇതിനോടകം വോട്ട് ചേർക്കാനായി മാത്രം അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞമാസം 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കരട് പട്ടികയിൽ 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡർമാരുമാണ് ഉൾപ്പെട്ടത്. 

ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം കമ്മീഷൻ നീട്ടി നൽകി. വോട്ട് ചേർക്കാൻ പ്രതിപക്ഷം 15 ദിവസം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ 5 ദിവസമാണ് കമ്മീഷൻ അനുവദിച്ചത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. 

Previous Post Next Post