Top News

അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതി: റവന്യൂ മന്ത്രി കെ രാജൻ

മലപ്പുറം ജില്ലയിൽ അതിദാരിദ്രരായ 33 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു


അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതിയാണെന്നും  രാജ്യത്തെ അതിദരിദ്രല്ലാത്ത ആദ്യ സംസ്ഥാനമായി നവംബർ ഒന്നോടെ കേരളം മാറുകയാണെന്നും റവന്യൂ മന്ത്രി കെ രാജൻ. മലപ്പുറം കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ അതിദരിദ്രരായ 33 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഏറനാട്  താലൂക്ക്  പുൽപറ്റ വില്ലേജിലെ  സർവ്വേ നമ്പർ 366 ലെ 1.80 ഏക്കർ ഭൂമിയാണ് മലപ്പുറം ജില്ലയിലെ വിവിധ തദ്ദേശ സ്വയം  ഭരണ സ്ഥാപനങ്ങളിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട 33  കുടുംബങ്ങൾക്ക് പതിച്ചു നൽകി പട്ടയം നൽകിയത്. റവന്യൂ ഉടമസ്ഥതയിലുള്ള 60 സെൻ്റ് ഭൂമി പുൽപ്പറ്റ ഗ്രാമപഞ്ചായത്തിന് വിട്ടു നൽകി പകരം പഞ്ചായത്തിൻ്റെ അധീനതയിലുള്ള 1.80 ഏക്കർ ഭൂമി ഇതിനായി അനുവദിക്കുകയായിരുന്നു. ഈ കുടുംബങ്ങൾക്ക് ഇവിടെ വീടുകൾ വെച്ചു നൽകും.


അതിദരിദ്രരെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നാണ് തദ്ദേശവകുപ്പിന്റെ സർവ്വേയിൽ കണ്ടെത്തിയത്. ഇവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന കർമ്മമാണ് സർക്കാർ ചെയ്യുന്നത്. ഈ സർക്കാരിന്റെ കാലത്ത് 33065 പട്ടയങ്ങളാണ് മലപ്പുറം ജില്ലയിൽ വിതരണം ചെയ്തത്. സാധാരണക്കാരനു വേണ്ടി ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്തി പുറമ്പോക്ക്,  തരിശ്, റവന്യൂ ഭൂമി ഉൾപ്പെടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ നയം -മന്ത്രി പറഞ്ഞു.


 ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടർ വി. ആർ വിനോദ്, സബ് കളക്ടർമാരായ ദിലീപ് കെ കൈനിക്കര, സാക്ഷി മോഹൻ, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്മാൻ, എഡിഎം എൻ എം  മെഹറലി, ഡെപ്യൂട്ടി കളക്ടർ ഇ.സനീറ, തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post