അങ്ങാടിപ്പുറം: പുലർച്ചെയുള്ള നിലമ്പൂർ-ഷൊർണൂർ മെമു സർവീസിന് 24 മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം. പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിൻ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊർണുരിലും എത്തും. ഇതുവരെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിൻ 4.55 ന് ആണ് ഷൊർണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമുവിന് കണക്ഷൻ ലഭിക്കും. ഇതിൽ നേരിട്ട് ആലപ്പുഴ എത്താം. കൂടാതെ പാലക്കാട്-കോയമ്പത്തൂർ-ചെന്നൈ ഭാഗത്തേക്ക് 4.50 ന് വെസ്‌റ്റ്കോസ്‌റ്റ് സൂപ്പർ ഫാസ്റ്റും ലഭിക്കും. രാവിലത്തെ മെമുവിന് പോയാൽ ഷൊർണൂരിൽ നിന്ന് 3 ദിശകളിലേക്കും ഇനി കണക്‌ഷൻ ട്രെയിൻ ലഭിക്കും.
ലഭിക്കുന്ന കണക്ഷനുകൾ ഇങ്ങനെ
നിലമ്പൂർ-ഷൊർണൂർ /കണ്ണൂർ മെമുവിൽ പട്ടാമ്പി (5:13), കുറ്റിപ്പുറം (5:33), തിരുനാവായ (5:42), തിരൂർ (5:51), താനൂർ(5:59), പരപ്പനങ്ങാടി(6:07), വള്ളിക്കുന്ന്(6:13), ഫറോക്ക് (6:25), കോഴിക്കോട് (6:42), കൊയിലാണ്ടി (7:13), വടകര (7:38), മാഹി (7:53), തലശ്ശേരി(8:05), കണ്ണൂർ(9:10) ഭാഗങ്ങളിലേക്ക് നിശ്ചിത സമയത്ത് എത്താനാകും. ഷൊർണൂർ എത്തിയ ശേഷം ഷൊർണൂർ -എറണാകുളം /ആലപ്പുഴ മെമുവിൽ മാറി കയറി തൃശൂർ(5:18), അങ്കമാലി-എയർപോർട്ട് (6:20), ആലുവ(6:36), എറണാകുളം(7:45), ആലപ്പുഴ(9:25) എന്നിവിടങ്ങളിലുമെത്താം.ഷൊർണൂർ എത്തിയ ശേഷം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ്സിൽ മാറി കയറി പാലക്കാട് (5:55), കോയമ്പത്തൂർ(7:32), തിരുപ്പൂർ(8:13), ഈറോഡ്(8:13), സേലം (10:07), ജോലാർപേട്ട (12:18), കാട്ട്പാടി-വെല്ലൂർ(13:28), പെരമ്പൂർ(15:08), ചെന്നൈ സെൻട്രൽ(16) എന്നിവിടങ്ങളിൽ ഈ സമയങ്ങളിൽ എത്താനാകും. വെസ്‌റ്റ് കോസ്റ്റിൽ 5:55 ന് പാലക്കാട് എത്തി 6:10നുള്ള പാലക്കാട് -തിരുച്ചെന്തൂർ എക്‌സ്പ്രസ്സിൽ കയറി പൊള്ളാച്ചി (07:18), പളനി (08:27), ഡിണ്ടിഗൽ (09:25), കൊടൈക്കനാൽ റോഡ് (9:54), മധുര (10:55), വിരുദുനഗർ (11:38), തിരുനെൽവേലി (13:25), കായൽപട്ടണം (14:29), തിരുച്ചെങൂർ (15:25) എന്നിവിടങ്ങളിലും എത്താം.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര കായംകുളം ഭാഗങ്ങളിലേക്ക് പോകേണ്ട ആളുകൾക്ക് എറണാകുളം ജംക്ഷനിൽ നിന്നും രാവിലെ 8:45 ന് പോകുന്ന എറണാകുളം -കായംകുളം മെമുവും ലഭിക്കും. കോട്ടയം (10:05), ചങ്ങനാശ്ശേരി (10:33), തിരുവല്ല (10:43), ചെങ്ങന്നൂർ (10:53), മാവേലിക്കര(11:06), കായംകുളം(11:35) എന്നിവിടങ്ങളിലും എത്തും. അതേ സമയം രാത്രി 8.35 ന് ആരംഭിക്കുന്ന ഷൊർണൂർ-നിലമ്പൂർ മെമു സർവീസിന്റെ സമയം പഴയപടി തന്നെ തുടരും.
അതേ സമയം ഈ സർവീസിന് വൈകാതെ തന്നെ തുവ്വൂരിൽ കൂടി സ്റ്റോപ് അനുവദിച്ചേക്കുമെന്നാണ് അറിവ്. പുതിയ സമയമാറ്റത്തെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷിജു എം. സാമുവൽ സ്വാഗതം ചെയ്‌തു. യാത്രക്കാർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് പുതിയ സമയമാറ്റമെന്ന് അദ്ദേഹം പറഞ്ഞു.