നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ ബി, വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ് സ്കൂളിലെ അൻസാഫ് അമൻ എ.എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി
വള്ളിക്കുന്ന്: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൈരളി ടിവി അശ്വമേധം ഗ്രാൻ്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച സംസ്ഥാനതല ക്വിസ് മത്സരം 'ബ്രെയിൻബോ'യിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ആതിഥേയരായ നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ ബി, വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ് സ്കൂളിലെ അൻസാഫ് അമൻ എ.എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ് സ്കൂളിലെ ആസിം ഇഷാൻ എ.എസ്, ചെമ്മാട് സിഎച്ച് സീനിയർ സെക്കണ്ടറി ഇൻസ്റ്റിറ്റ്യൂഷനിലെ മുഹമ്മദ് സബീൽ എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും, രാമനാട്ടുകര എസ്പിബിഎച്ച്എസ് സ്കൂളിലെ ഫാത്തിമ മിസ്ഹ, കുറ്റിപ്പുറം എംഇഎസ് ക്യാമ്പസ് സ്കൂളിലെ പ്രണവ് എസ് നായർ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ രണ്ട് പേരടങ്ങുന്ന ടീമിന് യഥാക്രമം 33333, 22222, 11111 രൂപ പ്രൈസ്മണിയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
150 പേർ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 6 പേരും ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും 6 പേരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
അഗ്നിദേവ് ഡിഎച്ച്, ഫയാസ് മുഹമ്മദ് കെ, അദ്വൈത് ആർ, ആഷിയ കെ ബാബു, ഹൃദയ്ബിജു, സൂര്യദേവ് ഡി.എച്ച് എന്നിവരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മറ്റു മത്സരാർത്ഥികൾ.
സംസ്ഥാനതല ക്വിസ് മത്സരത്തിൻ്റെ ഉദ്ഘാടനം ദേവകി അമ്മ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപന മേധാവി എം.നാരായണൻ എന്ന ഉണ്ണി നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രിൻസിപ്പാൾ ദിപക് സിഇ പ്രസംഗിച്ചു. സമാപന സമ്മേളനം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ദേവദാസ് ഉദ്ഘാടനം ചെയ്തു. എം.നാരായണൻ എന്ന ഉണ്ണി അധ്യക്ഷനായി. പ്രധാനധ്യാപിക ആർ.പി ബിന്ദു, പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്വേത നാരായണൻ എന്നിവർ പ്രസംഗിച്ചു.