സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിൻ്റെ ഉദ്ഘാടനം കോട്ടക്കുന്നിൽ പി ഉബൈദുല്ല എം എൽ എ നിർവഹിച്ചു. ഓണം ഒരുമയുടെ ആഘോഷമാണ്. ജാതി മത ഭേദമന്യേ മനുഷ്യരെ ഒരുമിപ്പിക്കാൻ ഓണത്തിന് കഴിയുമെന്നും എംഎൽഎ പറഞ്ഞു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ആറ് ദിവസങ്ങളിലായി വിവിധ പരിപാടികളാണ് കോട്ടക്കുന്നിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച പ്രശസ്ത ഗായകൻ ജാസിം ജമാലും സംഘവും അവതരിപ്പിച്ച മ്യൂസിക് ലൈവ് അരങ്ങേറി. നിരവധി പേരാണ് ഉദ്ഘാടന ദിവസം കോട്ടക്കുന്നിൽ എത്തിയത്. കോട്ടക്കുന്ന് അരങ്ങ് ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എഡിഎം എൻ എം മെഹറലി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്ര, എക്സി. അംഗം ഇ വിലാസിനി എന്നിവർ സംസാരിച്ചു.
കൊല്ലം ഷാഫിയും സംഘവും വെള്ളിയാഴ്ച കോട്ടക്കുന്നിൽ
ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കോട്ടക്കുന്ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച (സെപ്റ്റംബർ അഞ്ച് ) പ്രശസ്ത കലാകാരൻമാരായ കൊല്ലം ഷാഫി, ശ്വേത അശോക് എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ് അരങ്ങേറും.