ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന് (ഇന്ന്) നടക്കും. ഈ പൂർണ ചന്ദ്രഗ്രഹണത്തിനൊപ്പം ഇന്ന് രാത്രി "രക്തചന്ദ്രൻ” എന്നറിയപ്പെടുന്ന ചുവപ്പും ഓറഞ്ചും കലർന്ന് തിളങ്ങുന്ന പൂർണചന്ദ്രനെ കാണാൻ സാധിക്കും. ഇന്ന് രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനിറ്റും ഈ പ്രതിഭാസം നീണ്ട് നിൽക്കും. സെപ്റ്റംബർ 7ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും.
ഇന്ന് രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. നാളെ അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. എട്ടാം തീയതി(നാളെ) പുലർച്ചെ 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുന്ന സമയം ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെയും പല രാജ്യങ്ങളിലും ചന്ദ്രഗ്രഹണം പൂർണ്ണമായും ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാം. എന്നാൽ, വടക്കേ അമേരിക്കയിലുള്ളവർക്ക് ഇക്കുറി ഈ അപൂർവ വിസ്മയം കാണാനാകില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട ഉൾഭാഗത്തിലൂടെ കടന്നുപോകുമ്പോൾ അത് മങ്ങുകയും ചുവപ്പായി മാറുകയും ചെയ്യുന്നു. ബ്ലഡ് മൂൺ ഇഫക്റ്റ് എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറം, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചെറിയ നീല തരംഗദൈർഘ്യങ്ങൾ ദൂരേക്ക് ചിതറുമ്പോൾ, കൂടുതൽ ചുവന്ന തരംഗദൈർഘ്യങ്ങൾ ചന്ദ്രനിലേക്ക് വളയുകയും കടും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്ന റെയ്‌ലീ വിസരണം മൂലമാണ് ഉണ്ടാകുന്നത്. രാത്രിയിൽ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം.
അതേസമയം, വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല. പക്ഷേ ലോകജനസംഖ്യയുടെ ഏകദേശം 85% പേർക്കും ഇതിന്റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയും. ഇന്ത്യയിലും ചന്ദ്രഗ്രഹണം കാണാം. ഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായി പരിഗണിക്കുന്നു.
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാനാകും. ഇതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ ചന്ദ്രഗ്രഹണം കാണാനാകുമെങ്കിലും ചന്ദ്രനിലെ ഗർത്തങ്ങൾ, ചുവന്ന ഗ്രേഡിയന്റ് തുടങ്ങിയവ വ്യക്തമായി കാണണമെങ്കിൽ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിക്കേണ്ടി വരും.