പേവിഷബാധയ്ക്കെതിരെയുള്ള മുൻകരുതലുകൾ സമൂഹത്തിൽ എത്തിക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. ലോക പേ വിഷബാധ അവബോധ ദിനത്തിൻറെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മസ്തിഷ്കത്തെയും നാഡീവിയത്തെയും ബാധിക്കുന്ന ഗുരുതര വൈറസ് രോഗമാണിത്. പേ വിഷബാധ ഒരു പൊതുജനാരോഗ്യ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളുടെ കടി, പോറൽ, നക്കൽ എന്നിവയയേറ്റാൽ പ്രഥമ ശുശ്രൂഷയാണ് ഏറ്റവും പ്രാധാന്യം.മാരകമായ ഈ പ്രശ്നത്തെ നേരിടാൻ മുറിവ് ചുരുങ്ങിയത് 15 മിനിറ്റ് തുടർച്ചയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വെള്ളം കോരി ഒഴിച്ചോ, ടേപ്പ് വെള്ളത്തിലൂടെയോ കഴുകുന്നതിലൂടെ 90% വൈറസിനെയും പുറന്തള്ളാൻ സാധിക്കുന്നതാണ്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടണം എന്നും ഡി.എം.ഒ സൂചിപ്പിച്ചു.
മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ രാജേഷ് മാടമ്പത്ത് അധ്യക്ഷത വഹിച്ചു.സെമിനാറിൽ "പേ വിഷബാധ നാം കൈക്കൊള്ളേണ്ട മുൻ കരുതലുകൾ" എന്ന വിഷയം ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ. സി.ഷുബിൻ അവതരിപ്പിച്ചു.ജില്ല എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ വിൻസന്റ് സിറിൽ,ജില്ലാ മലേറിയ ഓഫീസർ എ.പ്രദീപ് അധ്യാപക പരിശീലകരായ കെ.മുജീബ്,പി.ഉമ, ജി.എസ്.കൃഷ്ണ പ്രിയ, എം. ഹസീനുദ്ദീൻ, വിദ്യാർത്ഥിപ്രതിനിധി പി.കെ മുർഷിദ എന്നിവർ സംസാരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാലയങ്ങളിലും വിഷബാധയ്ക്ക് എതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങിൽ വിദ്യാർഥികൾക്കു വേണ്ടി നടത്തിയ പ്രശ്നോത്തരി പോസ്റ്റർ രചന മത്സരങ്ങളിൽ യഥാ ക്രമം ഒന്നാം സ്ഥാനം നേടിയ പി. ഷബീറ തെസ്നീം, വി. ജുമാന എന്നിവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ മൊമെന്റോ നൽകി