വോട്ടർ പട്ടികയിൽ കൃത്രിമം; പുലാമന്തോൾ പഞ്ചായത്തിൽ യു.ഡി.എഫ് പ്രതിഷേധം
നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
പുലാമന്തോൾ :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടു ചേർക്കലിൽ പുലാമന്തോൾ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മുമായി ചേർന്ന് സെക്രട്ടറിയും ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്നാരോപിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു. 20 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ പുനർനിർണയ പ്രകാരം മൂന്നു വാർഡുകൾ കൂടിയിരുന്നു. ഇതിൽ ഒന്നാം വാർഡും 21-ാം വാർഡും വേർതിരിക്കുന്ന അതിർത്തി സംബന്ധിച്ച തർക്കത്തിൽ സമവായചർച്ച ഉണ്ടായിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഒന്നാം വാർഡിൽനിന്ന് 18 വോട്ടർമാരെ 21-ലേക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സിപിഎം മാറ്റിയെന്നാണ് യുഡിഎഫ് ആരോപണം.
ഇത്തരത്തിൽ മാറ്റിയവരിൽ നിന്ന് 13 പേരെ ഹിയറിങ് അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർപട്ടികയിൽ ചേർത്തത് ചട്ടലംഘനമാണെന്നും അതിനു പരിഹാരം കാണണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. നീതിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
രാവിലെ 11-നാണ് ഉപരോധസമരം തുടങ്ങിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുമായും സിപിഎം പ്രവർത്തകരുമായും സമരക്കാർ വാക്കുതർക്കത്തിലേർപ്പെട്ടതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി.
പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ സ്റ്റേഷനുകളിൽനിന്ന് പോലീസുകാർ സ്ഥലത്തെത്തി. വൈകീട്ട് അഞ്ചോടെ പ്രവർത്തകരെ പോലീസ് സംഘം ബലം പ്രയോഗിച്ച് നീക്കി.
യുഡിഎഫ് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, കൺവീനർ ഇസ്സുദ്ദീൻ വളപുരം, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഷിബു ചെറിയാൻ, മുസ്ലിംലീഗ് പ്രസിഡൻ്റ് കെ.കെ. ഹൈദ്രസ് ഹാജി, ഹംസു നടുത്തൊടി, പഞ്ചായത്തംഗങ്ങളായ കെ.ടി. അഷ്കർ, സെയ്‌താലി തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച ഡിസിസി നിർവാഹക സമിതിയംഗം ഷാജി കട്ടുപ്പാറ, നാഫി, ഹാരിസ്, മുഹമ്മദ് സാലിഹ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് രാത്രി വൈകി ജാമ്യത്തിൽ വിട്ടു.