ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലിസുകാർക്ക് പങ്കുള്ളതായി വെളിപ്പെടുത്തി കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു. പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് എസ്പി പറഞ്ഞു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വടകരയിൽ ഒരു പരിപാടിക്കിടെ പറഞ്ഞു.
പൊലിസ് ലാത്തി ചാർജ് ചെയ്തിട്ടില്ല. ലാത്തി ചാർജ്ജ് ചെയ്യുകയാണെങ്കിൽ ഒരു കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യും. ഇത് അവിടെ നടന്നിട്ടില്ല. പക്ഷേ ഞങ്ങളുടെ കൂടെയുള്ള ആളുകൾ അവിടെ മനഃപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലായി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ് - റൂറൽ എസ്പി പറഞ്ഞു.
ഇന്നലെയാണ് വടകര എംപിയായ ഷാഫി പറമ്പിലിന് നേരെ പൊലിസ് അതിക്രമം ഉണ്ടായത്. കോഴിക്കോട് പേരാമ്പ്രയിലായിരുന്നു സംഭവം. പേരാമ്പ്ര സി.കെ.ജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു, ഇതിന് പിന്നാലെ പേരാമ്പ്രയിൽ യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷമായി. ഇതിനിടെയായിരുന്നു പൊലിസിന്റെ ലാത്തി ചാർജും കണ്ണീർവാതകവും നടന്നത്. തുടർന്നായിരുന്നു ലാത്തി കൊണ്ട് ഷാഫി പറമ്പിലിനെ അടിച്ചത്.