HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിര്യാതയായി. 59 വയസ്സായിരുന്നു. അർ​ബുദം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അത്തോളി ചോയിക്കുളം സ്വദേശിയാണ്.

1966 മേയ് 5ന് കോഴിക്കോട് കുറ്റ്യാടിയിൽ ടി.കെ. അലിയുടെയും ടി.കെ. മറിയത്തിന്റെയും മകളായി ജനിച്ച കാനത്തിൽ ജമീല, പൊതുപ്രവർത്തന രംഗത്ത് സജീവമായത് പാർട്ടിയിലൂടെയാണ്. സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീലയുടെ നേതൃത്വം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി വിലയിരുത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു.

1995: തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽനിന്ന് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി.

2000: ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.

2005: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

2010, 2020: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ മത്സരിച്ചത്. കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തി അവർ നിയമസഭയിലെത്തിയത്.

ഭർത്താവ്: കാനത്തിൽ അബ്ദുൽ റഹ്‌മാൻ. മക്കൾ: ഐറീജ് റഹ്‌മാൻ, അനൂജ സൊഹൈബ്.

രോഗബാധയെ തുടർന്ന് സമീപകാലത്ത് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും, ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം അവർ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ടിരുന്നു. പൊതുപ്രവർത്തന മേഖലയിൽ കാനത്തിൽ ജമീലയുടെ വിയോഗം വലിയ നഷ്ടമായി. പൊതുരംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ കോഴിക്കോടിന്റെ വികസനത്തിന് കാനത്തിൽ ജമീല നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. അവരുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Previous Post Next Post