കോഡൂർ: തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ശ്രദ്ധയിൽപ്പെട്ട ജനകീയ പ്രശ്നത്തിന് പരിഹാരവുമായി കാച്ചടിപ്പറമ്പ് കോൺഗ്രസ് കമ്മിറ്റി. കാച്ചടിപ്പറമ്പ് ഹെൽത്ത് സെന്ററിൽ ഫാനുകൾ ഇല്ലാത്തതിനാൽ വാക്സിനേഷനും മറ്റുമായി എത്തുന്ന കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന പ്രയാസം മനസ്സിലാക്കിയാണ് കമ്മിറ്റി ഈ വിഷയം ഏറ്റെടുത്തത്.
കോൺഗ്രസ് പ്രവർത്തകനായ മുജീബ് പറവത്താണ് ഹെൽത്ത് സെന്ററിലേക്കാവശ്യമായ ഫാൻ സ്പോൺസർ ചെയ്തത്. കാച്ചടിപ്പറമ്പ് വാർഡ് മെമ്പറും കോഡൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജുമൈല വരിക്കോടന്റെ സാന്നിധ്യത്തിൽ ജൂനിയർ പബ്ലിക് ഹെഡ് നഴ്സ് സുബിക്ക് ഫാൻ കൈമാറി.
ചടങ്ങിൽ മുജീബ് പറവത്ത്, നാസർ കല്ലായി, രവി എന്നിവർ സംബന്ധിച്ചു. ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.