HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഗ്ലോക്കോമ വാരാചരണം: ജില്ലയിൽ തുടക്കമായി; കുറ്റിപ്പുറത്ത് ജില്ലാതല ഉദ്ഘാടനം

ഗ്ലോക്കോമ വാരാചരണം: ജില്ലയിൽ തുടക്കമായി; കുറ്റിപ്പുറത്ത് ജില്ലാതല ഉദ്ഘാടനം.

മലപ്പുറം: ‘ഗ്ലോക്കോമ രഹിത ലോകത്തിനായി നമുക്ക് ഒരുമിക്കാം’ എന്ന സന്ദേശവുമായി ഈ വർഷത്തെ ലോക ഗ്ലോക്കോമ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. അജയ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കണ്ണിലെ മർദ്ദം വർധിക്കുന്നത് മൂലം ഒപ്റ്റിക് നാഡിയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഗ്ലോക്കോമയെന്നും, ഒരിക്കൽ കാഴ്ച നഷ്ടപ്പെട്ടാൽ അത് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളിയെന്നും അധികൃതർ ഓർമ്മിപ്പിച്ചു. എന്നാൽ രോഗം നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ കാഴ്ച സംരക്ഷിക്കാൻ സാധിക്കുമെന്നും, ഇതിനായി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി. ഫിറോസ് ഖാൻ മുഖ്യപ്രഭാഷണവും നേത്രരോഗ വിദഗ്ദ്ധൻ ഡോ. അബ്ദുൽമാലിക് സന്ദേശവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളകുട്ടി, വൈസ് പ്രസിഡന്റ് റിജിത ഷലീജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൾകരീം തുടങ്ങിയവർ സംസാരിച്ചു. ഒപ്ടോമെട്രിസ്റ്റ് കൃഷ്ണ എസ്. ബാബു ക്ലാസ്സെടുത്തു.
വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്ലോക്കോമ തിമിര നിർണ്ണയ ക്യാമ്പിൽ 110 പേർ പങ്കെടുത്തു. ഡോ. വി.എ. അനുജ, ഡോ. അബ്ദുൽമാലിക് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ആശാ വർക്കർമാർക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. വാരാചരണം മാർച്ച് 14-ന് സമാപിക്കും.

Previous Post Next Post