Top News

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നില്‍ യു.എസ്; രാജിക്കു മുന്‍പ് നടത്താനായി ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്

 ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നില്‍ യു.എസ്; രാജിക്കു മുന്‍പ് നടത്താനായി ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്




ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് രാജ്യം വിടും മുമ്പ് നടത്താനായി ഷെയ്ഖ് ഹസീന തയ്യാറാക്കി വെച്ചിരുന്ന പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് അവര്‍ പ്രസംഗത്തില്‍ പറയുന്നത്. അവരുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. രാജ്യത്ത് നിരവധി മരണങ്ങള്‍ നടക്കുമായിരുന്നുവെന്നും അത് കാണാതിരിക്കാനാണ് താന്‍ രാജിവെച്ചതുമെന്നും അവര്‍ പറയുന്നു. പ്രക്ഷോഭകര്‍ തൊട്ടരികെ എത്തിയതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടേണ്ടിവന്നത്.

'മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന് മുകളില്‍ ഞാന്‍ അധികാരത്തിലിരിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രിപദം രാജിവെച്ചു. എനിക്ക് വേണമെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നു. സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അവര്‍ കീഴടക്കി. ബംഗാള്‍ ഉള്‍ക്കടലിന്റെ അധികാരം പിടിച്ചെടുക്കാന്‍ യു.എസിനെ അനുവദിച്ചു. ഞാന്‍ നാട്ടില്‍ തന്നെ താമസിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ജീവന്‍ നഷ്ടമാകുമായിരുന്നു.''ഹസീന പറയുന്നു.

കനത്ത തിരിച്ചടികള്‍ക്കിടയിലും അവാമി ലീഗ് തിരിച്ചുവന്ന കാര്യവും ഹസീന ഓര്‍മപ്പെടുത്തി. ഇപ്പോള്‍ ഞാന്‍ തോറ്റിരിക്കാം. എന്നാല്‍ ഉറപ്പായും മടങ്ങിവരും.എന്നും ഹസീന പറയുന്നുണ്ട്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 300ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.

വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.

ഹസീനയുടെ കാലത്ത് ബംഗ്ലാദേശും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ജനുവരിയില്‍ ഹസീന അധികാരത്തില്‍ തിരിച്ചെത്തിയത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടാണെന്ന് യു.എസ് ആരോപിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനെയും യു.എസ് വിമര്‍ശിച്ചിരുന്നു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ യു.എസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗ്ലാദേശില്‍ വ്യോമതാവളം നിര്‍മിക്കാന്‍ ഒരു പ്രത്യേക രാജ്യത്തെ അനുവദിച്ചാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നുവെന്നും ഹസീന മുമ്പ് ആരോപിച്ചിരുന്നു. 

ഹസീന രാജിവെച്ചതോടെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചത്.

Previous Post Next Post