ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്തമാക്കും
മലപ്പുറം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്തമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന “ഒപ്പം” പദ്ധതിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ഗവൺമെന്റ്/സ്വകാര്യ സ്ഥാപനങ്ങൾ ഭിന്നശേഷിക്കാർക്ക് പ്രാപത്മാക്കുന്നതിന്റെ ഭാഗമായി ആക്സസെബിലിറ്റി റേറ്റിങ് വികസിപ്പിക്കാനും യോഗം തീരുമാനിച്ചു. സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാർക്ക് പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, വഴികൾ, വരാന്തകൾ, റിസപ്ഷനുകൾ, പടികൾ, തുടങ്ങി കുടിവെള്ള സംവിധാനം വരെ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ആറ് മാസത്തെ പരിവർത്തന സമയം അനുവദിക്കും. അതിനുശേഷം ആക്സസെബിലിറ്റി ഇന്ത്യ ക്യാമ്പയിന്റെ ചെക്ക് ലിസ്റ്റ് പ്രകാരം ഓരോ സ്ഥാപനവും പരിശോധന നടത്തി ഓരോ മേഖലയിലും നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക സമ്മാനവും നല്‍കും. ആക്സസെബിലിറ്റി റേറ്റിങ് ഇന്ത്യയുടെ ഭാഗമായി എല്ലാ വകുപ്പ് മേധാവികളുടെയും മറ്റു സ്ഥാപന മേധാവികളുടെയും യോഗം സെപ്റ്റംബര്‍ പത്തിന് മൂന്നു മണിക്ക് കളക്ടറേറ്റില്‍ ചേരും. ജില്ലയിലെ ഏതെല്ലാം സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് മുൻകൂട്ടി അറിയാനുള്ള മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കുന്നതിനും യോഗത്തില്‍ തീരുമാമായി. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കളക്ടര്‍ വി.എം ആര്യ, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.