തൃശൂര്‍: സേലത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു. ഇരുവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂര്‍ സണ്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തില്‍ തലക്ക് പരുക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. പിതാവിന്റെ സംസ്‌കാരം ഇന്ന് നടക്കും
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിക്കടുത്ത് നല്ലംപള്ളിയില്‍ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് ആശുപത്രിയിലെത്തും മുന്‍പേ മരിക്കുകയായിരുന്നു.