ഊരകം: മലബാറിൻ്റെ സുൽത്താൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ അനുസ്മരണ സമ്മേളനം ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. വി.സി. വായനശാലയിൽ വെച്ച് നടന്ന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ. മൊയ്തീൻ (മാനു) അധ്യക്ഷത വഹിച്ചു. ചരിത്ര താളുകളിൽ തങ്കലിപികളിൽ തുന്നിച്ചേർക്കപ്പെട്ട അപൂർവ്വം ചില പൊതുപ്രവർത്തകരുടെ കൂട്ടത്തിൽ ഇടം പിടിച്ച നേതാവാണ് ആര്യാടൻ മുഹമ്മദെന്നും, അദ്ദേഹത്തിൻ്റെ വിയോഗം മലബാറിലെ കോൺഗ്രസ് പ്രവർത്തകരുടെ തീരാനഷ്ടമാണെന്നും സമ്മേളനം അനുസ്മരിച്ചു.
എം.കെ. ഷറഫുദ്ദീൻ, സേവ്യർ, മണ്ണിൽ ഭാസ്കരൻ, എൻ.ടി. സക്കീർ, പി. സൈതലവി, വി.കെ. ഉമ്മർ ഹാജി, കെ. സത്യൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
സക്കീർ മിനി സ്വാഗതവും, ചാത്തൻ കരിമ്പിലി നന്ദിയും പറഞ്ഞു.